തിരുവനന്തപുരം: ബാറുകളിൽ നിന്നും പാഴ്‍സലായി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. താൽക്കാലിക അനുമതി എന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണമെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ പാഴ്‍സല്‍ കൗണ്ടറിന് സർക്കാരിന് എപ്പോൾ വേണമെങ്കിലും അനുമതി നൽകാമെന്നാണ് വ്യവസ്ഥ. 
ഇതോടെ ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കുന്ന ദിവസം തന്നെ സംസ്ഥാനത്തെ 612 ബാറുകളിൽ നിന്നുള്ള പാഴ്‍സല്‍ കൗണ്ടറുകൾ വഴിയും മദ്യം വിൽക്കാം. ഫലത്തിൽ 2001 ൽ അവസാനിപ്പിച്ച സ്വകാര്യ മേഖലയിലെ പാഴ്‍സല്‍ മദ്യക്കച്ചവടമാണ് തിരിച്ചുവരുന്നത്. 

ബെവ്കോയിലെ തിരക്ക് ഒഴിവാക്കാനുളള താൽക്കാലിക നടപടിയെന്നാണ് എക്സൈസ് മന്ത്രി വിശദീകരിച്ചത്. എന്നാൽ വിജ്ഞാപനത്തിൽ താൽക്കാലിക അനുമതി എന്ന് വ്യക്തമാക്കുന്നില്ല. അടിയന്തിര സാഹചര്യത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച്  പാഴ്സൽ വില്‍പ്പന അനുവദിക്കാമെന്ന് മാത്രമാണ് പറയുന്നത്. അതായത് ലോക്ക് ഡൗൺ തീർന്ന് ബാറുകൾ തുറന്നാലും പാഴ്‍സല്‍ വില്‍പ്പന തുടരാമെന്നർത്ഥം. മദ്യവില്‍പ്പനയില്‍ ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴിയുണ്ടാകുന്ന വൻ ലാഭത്തിലും ഇടിവുണ്ടാകും.

ബെവ്‍ക്കോയ്‍ക്കും കൺസ്യൂമ‌ർ ഫെഡിനുമായി ആകെയുള്ളത് 305 ഔട്ട് ലെറ്റുകളാണ്. എന്നാൽ അതിന്‍റെ ഇരട്ടി പാഴ്സൽ കേന്ദ്രങ്ങളാണ് ബാറുകളിലൂടെ തുറക്കുന്നത്. ബെവ്കോയുടെ അതേ വിലയ്ക്ക് തന്നെ ബാറുകളിലെ പാഴ്സൽ കേന്ദ്രങ്ങളിലും മദ്യം കിട്ടുമെന്നതിനാൽ മിക്കവരും ബാറുകൾ തന്നെ തെരഞ്ഞടുക്കാനിടയുണ്ട്. ഒരു ലൈസൻസിൽ തന്നെ ബാറുകളിൽ  ഒന്നിലധികം കൗണ്ടറുകൾ തുടങ്ങാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് പാഴ്സൽ അനുമതിയും. പാഴ്സൽ കൗണ്ടറുകളോട് വലിയ താല്‍പ്പര്യമില്ലെന്ന് ബാറുടമകൾ പറയുമ്പോഴും ലോക്ക് ഡൗൺ കാലത്ത് ബാറുകൾ അടച്ചപ്പോൾ ഉടമകൾ പാഴ്‍സല്‍ വില്‍പ്പന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു