Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം റൂറലിൽ ആയുധ നിരോധനനിയമപ്രകാരം വിജ്ഞാപനം പുറത്തിറക്കണമെന്ന് എസ്പി,ശുപാർശ കൈമാറി

ആയുധ നിയമം ചുമത്തി ഇത്തരം കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നുവെങ്കിലും കോടതിയിൽ നിലനിൽക്കുന്നില്ല

Notification should be issued under Arms Act in trivandrum rural: SP
Author
Thiruvananthapuram, First Published Aug 8, 2022, 5:56 AM IST

തിരുവനന്തപുരം: തിരുവനന്തപുരം റൂറലിൽ (thiruvananthapuram rural)ആയുധ നിരോധന നിയമപ്രകാരം(arms act) വിജ്ഞാപനം പുറത്തിറക്കണമെന്ന് എസ്പിയുടെ ശുപാർശ. ഗുണ്ടകളും ക്രിമിനലുകളും ആയുധങ്ങളുമായി പരസ്യ വെല്ലുവിളി നടത്തുന്ന സാഹചര്യത്തിലാണ് ആവശ്യം. റൂറൽ എസ്പിയുടെ ശുപാർശ ഡിജിപി സർക്കാരിന് കൈമാറി. ശുപാർശയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പോത്തൻകോട് സുധീഷ് എന്നയാളെ എതിർ ചേരിയിൽപ്പെട്ടവർ വെട്ടുകൊന്ന് കാല് റോഡിലറി‌ഞ്ഞത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. പിന്നീട് നെയ്യാറ്റിൻകരയിലും ആറ്റിങ്ങലും പാറാശാലയിലും കാട്ടാക്കടയിലുമെല്ലാം ആയുധങ്ങളുമായി പട്ടാക്കപ്പകൽ പൊലീസിനെ പോലും ക്രിമിനലുകള്‍ ആക്രമിച്ചു. ഏറ്റവും ഒടുവിൽ ആയുധങ്ങളുമായി വി.എച്ച്.പിയുടെ വനിതാ പ്രവർത്തകർ പ്രകടനം നടത്തിയതും വിവാദമായി. 

പക്ഷെ ആയുധ നിയമം ചുമത്തി ഇത്തരം കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നുവെങ്കിലും കോടതിയിൽ നിലനിൽക്കുന്നില്ല. ആയുധം ഉപയോ​ഗിച്ച് ആക്രമിച്ചാലോ, ആക്രമിക്കാൻ ശ്രമിച്ചാലോ മാത്രമാണ് കേസ് നിലനിൽക്കുന്നത്. കരുതിക്കൂട്ടി ആക്രമിക്കാനോ, ഭീതിയുണ്ടാക്കാനോ ഒരാള്‍ പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ചാൽ കേസ് എടുത്താലും കോടതിയിൽ നിലനിൽക്കില്ലെന്ന് റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. 

പൊതുസ്ഥലത്ത് പരസ്യമായി ആയുധവുമായി നടന്നാൽ കേസെടുക്കാനുള്ള പ്രത്യേക വിജ്ഞാപനമില്ലാത്തിനാൽ ആയുധങ്ങളുമായി പിടികൂടുന്ന ഗുണ്ടകളെ പിടികൂടിയാലും ജാമ്യം ലഭിക്കുന്നു. അതിനാൽ ആയുധ നിരോധന നിയമത്തിൻെറ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം പുറത്തിറക്കണമെന്ന റൂറൽ എസ്പി ദിവ്യ ഗോപിനാഥിൻെറ ശുപാർശ ഡിജിപി സർക്കരിലേക്കയച്ചു. 

അടുത്തിടെ നഗരമധ്യത്തിലെ ബാറിനു മുന്നിൽ ആയുധങ്ങളുമായി ഗുണ്ടകള്‍ അഴിഞ്ഞാടിയതിനും പൊലിസ് ആയുധ നിയമ പ്രകാരമാണ് കേസെടുത്തത്. ഗുണ്ടകളെ മ്യൂസിയം പൊലീസിന് ഇതേവരെ പിടികൂടാൻ കഴിഞ്ഞില്ല, പിടികൂടിയാലും നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരം റൂറലിൽ ആയുധ നിയമത്തിൻെറ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

നിലവിൽ പൊതു പൊതുസ്ഥലങ്ങളിൽ മലബാറിൽ മാത്രമാണ് പൊതുസ്ഥലത്ത് ആയുധവുമായി ഇറങ്ങിയാൽ കേസെടുക്കാനുള്ള പ്രത്യേക അധികാരം ഉള്ളത്. എന്നാൽ ആയുധവുമായി ഒരാളെ പിടികൂടി റിമാൻഡ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നത് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും ചില കോണുകളിൽ നിന്നുയരുന്നുണ്ട്. ഒരാളെ പൊലീസ് പിടികൂടി ആയുധം കൈവശം വച്ച് കള്ളക്കേസുണ്ടാക്കാൻ പൊലീസിന് എളുപ്പത്തിൽ കഴിയുമെന്നാണ് ഉയരുന്ന പരാതി

Follow Us:
Download App:
  • android
  • ios