കൊച്ചി: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തന്നെ മുഖമായി മാറിയ എറണാകുളം മാലിപ്പുറം സ്വദേശി നൗഷാദിന് ആഹ്ലാദ നിർഭരമായ സ്വീകരണമൊരുക്കി സുഹൃത്തുക്കൾ. വഴിയോരക്കച്ചവടക്കാരനായ നൗഷാദിന് കൊച്ചി ബ്രോഡ്വേ മാർക്കറ്റിലെ സുഹൃത്തുക്കൾ ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

സഹജീവികളോട് കരുണയും സ്നേഹവും കാണിച്ച നൗഷാദിന് വൻ സ്വീകരണമാണ് കൂട്ടുകാർ നൽകിയത്. ദുരിതമനുഭവിക്കുന്നവരുടെ വേദന കണ്ടറിഞ്ഞു സഹായം നൽകിയ നൗഷാദ് ഇന്ന് കേരളത്തിന്റെ ഹീറോകളിൽ ഒരാളാണ്. എറണാകുളം ബ്രോഡ്‍വേ മാർക്കറ്റിലെ വഴിയോരത്ത് തുണിക്കച്ചവടം നടത്തിയ നൗഷാദിനെ ലോകമറിയുന്നതിന്റെ ആഹ്ലാദത്തിലാണ് സുഹൃത്തുക്കളും. പരിപാടിയിൽ എല്ലാവരോടുമുള്ള നന്ദിയും സന്തോഷവും അദ്ദേഹം അറിയിച്ചു.

ദുരിത ബാധിതർക്ക് സഹായം നൽകാൻ പലരും മടിച്ച് നിന്ന സാഹചര്യത്തിലാണ് നൗഷാദ് കേരളത്തിന് തന്നെ മാതൃകയായി സ്വന്തം കടയിലെ വസ്ത്രങ്ങൾ ചാക്കുകെട്ടുകളിൽ നിറച്ചുനൽകിയത്. 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' എന്ന് പറഞ്ഞാണ് നൗഷാദ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.

നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്‍റെ സന്മനസ് ലോകത്തെ അറിയിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് എത്തിയത്. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി സംഘത്തിന് നൽകി. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്ന് രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു. 

"

നൗഷാദിന്റെ സുമനസ്സിന് നന്ദിയറിയിച്ചും പ്രശംസയറിയിച്ചും ചലച്ചിത്ര- രാഷ്ട്രീയ പ്രവർത്തകരടക്കം രം​ഗത്തെത്തി. നടൻമാരായ മമ്മൂട്ടി, സിദ്ദിഖ്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ നൗഷാദിന് അഭിനന്ദനങ്ങളറിയിച്ചു. തുണികൊടുത്ത് നന്മ ചെയ്ത നൗഷാദിന് തുണികൊണ്ടാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ആദരമൊരുക്കിയത്.