തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ സംസ്ഥാന സര്‍ക്കാരിനെ തുറന്ന് എതിര്‍ക്കുന്നതിനിടെ മന്നം ജയന്തിക്ക് പ്രത്യേകപ്രധാന്യം നല്‍കി സിപിഎം മുഖപത്രം ദേശാഭിമാനി. മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിനൊപ്പം സുകുമാരന്‍നായരുടെ ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനാധിപത്യം പുനസ്ഥാപിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകണമെന്നായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം എന്‍എസ്എ‍സ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം,. ജനങ്ങൾ അസ്വസ്ഥരാണ് , ഭീതിജനകമായ അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകണം എന്ന് തുടങ്ങി സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്ന പ്രസ്താവനയോട് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു

മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശമതാനം സംവരണം ആദ്യം ദേവസ്വം ബോര്‍ഡിലും പിന്നീട് എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ നടപ്പാക്കി. ഏറ്റവും ഒടുവില്‍ എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളിലും എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതിന് പിന്നാലെയാണ് മന്നം ജയന്തിവാര്‍ത്തക്ക് പാര്‍ട്ടി മുഖപത്രത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

ഇഎംഎസ് സര്‍ക്കാരിനെതിരെയുള്ള വിമോചനസമരത്തിന്‍റെ നായകനായിരുന്നു എന്ന കുറവൊഴിച്ചാല്‍ സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രമുഖനാണ് മന്നത്ത് പത്മനാഭനെന്ന് ദേശാഭിമാനി ലേഖനം പറയുന്നു. ജനറല്‍ സെക്രട്ടറിയുടെ മന്നം സ്തുതിക്കും ദേശാഭിമാനി സ്ഥലം നീക്കിവച്ചു.പക്ഷേ മന്നത്തെ കുറിച്ച് സുകുമാരന്‍ നായര്‍ ഉശിരോടെ പറയുന്ന വിമോചനസമരഭാഗം ഒഴിവാക്കിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നേരിട്ട് തന്നെ എല്ലാ സമുദായനേതാക്കളെയും കണ്ട് പിന്തുണ ഉറപ്പാക്കുന്നതിനിടെ പാര്‍ട്ടി മുഖപത്രത്തിന്‍റെ മന്നം സ്തുതിക്ക് പ്രാധാന്യമേറെയാണ്