Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്

ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല

NSS general Secretary Sukumaran Nair against Opposition leader VD Satheesan
Author
Changanassery, First Published May 25, 2021, 12:23 PM IST

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ ചോദിച്ചു. പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.

ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നു. താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി. ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും എൻഎസ്എസിനോട് സഹായം തേടിയിരുന്നു. എന്നാൽ ആർക്കും എതിരായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം എൻഎസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

പുതിയ സ്ഥാനലബ്ധിയിൽ മതിമറന്നാണ് പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മുന്നണികളോടും പാർട്ടികളോടും എൻഎസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios