തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിന് മറുപടിയുമായി എന്‍ എസ് യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇതേ വിമർശനം സിപിഐഎമ്മിന്‍റെ യുവ കേസരികളെ പറ്റി താങ്കൾ പറഞ്ഞിരുന്നെങ്കിൽ, എന്താകുമായിരുന്നു അവസ്ഥ? കുളനട വിട്ട് പുറത്ത് പോകുവാൻ താങ്കൾക്ക് കഴിയുമായിരുന്നോ? ആടുജീവിതം, ഒരാളുടെ അനുഭവം മോഷ്ടിച്ചതാണെന്ന് അവർ പറയില്ലെയെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. 

ബാലചന്ദ്രൻ വടക്കേടത്തും, വി. സി ശ്രീജനും മുൻപ് പറഞ്ഞ വിമർശനങ്ങൾക്ക് വീണ്ടും ജീവൻ വെയ്ക്കില്ലെ? നജീബ് എന്ന യഥാർത്ഥത്തിൽ ജീവിച്ച മനുഷ്യന്‍റെ ജീവിതം പകർത്തിയതാണ് എന്ന്, ആടുജീവിതത്തിന്‍റെ ഒന്നാം പതിപ്പിൽ പറഞ്ഞിട്ട്, അതൊരു സാങ്കൽപിക സൃഷ്ടിയാണ് എന്ന് നൂറാം പതിപ്പിൽ പറഞ്ഞതിന്‍റെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെടില്ലെയെന്ന് രാഹുല്‍ പരിഹസിക്കുന്നു. സിപിഎമ്മിന്‍റെ യുവനേതാക്കന്മാര്‍ക്കെതിരെയും രൂക്ഷമായ ആരോപണങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. 

ഒരാളെ പോലും കൊന്ന കേസിൽ പ്രതിയാകാത്ത, ബന്ധു നിയമനം നടത്താത്ത എന്തു കൊഞ്ഞാണന്മാരാണ് നിങ്ങൾ എന്ന് ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ എസ് ശബരിനാഥന്‍, ടി സിദ്ദിഖ് എന്നിവരോട് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ബെന്യാമിനെതിരെ നേരത്തെ വിടി ബല്‍റാമും പ്രതികരിച്ചിരുന്നു. ആടുജീവിതത്തിൽ നിന്ന് ശരീരശാസ്ത്ര'ത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ സർഗ്ഗാത്മകതയുടെ വളർച്ച കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ട് മറുപടിയായി ഒന്നും പറയുന്നില്ലെന്നായിരുന്നു ബല്‍റാമിന്‍റെ മറുപടി. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബെന്യാമിൻ,

എനിക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് നിങ്ങൾ. ആടു ജീവിതം പലകുറി ആവേശത്തോടെ വായിച്ചിട്ടുമുണ്ട്...

താങ്കളുടെ രചനകളിലെ ഏറ്റവും മോശപ്പെട്ടത്, ഇന്നത്തെ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നിർത്തിയതുമായി ബന്ധപ്പെട്ട് , ഷാഫി പറമ്പിലിൻ്റെയും, വി. ടി ബൽറാമിൻ്റെയും, ടി സിദ്ദിക്കിൻ്റെയും ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഇട്ടിട്ട് , "കോൺഗ്രസ്സിൻ്റെയും ഇന്ത്യയുടെയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യിൽ ഭദ്രമാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു ഇത് " എന്ന താങ്കളുടെ പോസ്റ്റിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

ആ സ്ക്രീൻ ഷോട്ട് ചേർത്ത് വെച്ച ഇമേജ്, ആദ്യം വന്നത് നാട്ടിലെ പോരാളി ഷാജിമാരുടെ വാളിലാണ്. പിന്നെ ഷാഹിന നഫീസിനെ പോലെയുള്ള മാധ്യമ പോരാളികൾ അത് ഏറ്റെടുത്തു. Washington "പോസ്റ്റാക്കി " ഭിത്തിയിൽ ഒട്ടിച്ചതിൻ്റെ ചൊരുക്കാണ് അവർക്ക്. പക്ഷേ താങ്കളുടെ ഇടതു പക്ഷ ബോധ്യം തകർന്ന് എന്നാണ് , പോരാളി ഷാജിയുടേതായത്.

താങ്കൾക്ക് പ്രതീക്ഷയുള്ള CPIM ലെ യുവജന നേതാക്കളുണ്ടല്ലോ, റിയാസ് , റഹീം, രാജേഷ്, സ്വരാജ് തുടങ്ങിയവർ ... അവരെ പറ്റി പറയാം.

റഹീമിൻ്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട, ഒരു വിവാദം ഉണ്ടായിരുന്നു. അദ്ദേഹത്തിന് അർഹമായ അറ്റൻഡൻസ് ഇല്ലാഞ്ഞിട്ടും, 3.44 ലക്ഷം രൂപ ഫെലോഷിപ്പ് ചട്ടവിരുദ്ധമായി നേടിയെന്നും, കാലാവധി കഴിഞ്ഞിട്ടും പ്രബന്ധം സമർപ്പിച്ചില്ലായെന്നുമായിരുന്നു, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ റഹീമിനെതിരെയുള്ള പരാതി.

വേണ്ടത്ര പരിചയ സമ്പത്തില്ലാത്ത അമൃതയെ, തീരദേശ പരിപാലന അതോറിറ്റിയിലെ ലീഗൽ അഡ്വൈസറായി, പിണറായി സർക്കാർ ശുപാർശ ചെയ്യുമ്പോൾ, അമൃതയുടെ യോഗ്യത റഹീമിൻ്റെ ഭാര്യ എന്നതാണ്. മുൻ കേരള സർവ്വകലാശാല വൈസ് ചാൻസിലർ പി.കെ രാധാകൃഷ്ണൻ്റെ ഒരു പരാതിയുണ്ട്, തന്നെ കൊല്ലുമെന്ന് പറഞ്ഞ് റഹീം ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ്. അതൊന്നും ബെന്യാമിൻ അറിയല്ലല്ലോല്ലേ???

പിന്നെ ബെന്യാമിനു പ്രതീക്ഷയർപ്പിക്കാവുന്നത് ഷംസീറിലാണ്. ഒന്നാം റാങ്കുകാരിയായ ബിന്ദു എന്ന ഉദ്യോഗാർത്ഥിയെ മറികടന്ന്, സഹല എന്ന തൻ്റെ ഭാര്യക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം തരപ്പെടുത്തിയപ്പോൾ, ആ നിയമനം തോട്ടിൽ കളഞ്ഞത് കേരള ഹൈക്കോടതിയാണ്.
IT എക്സ്പേർട്ട് കൂടിയായ ഷംസീറിൻ്റെ പേര്, COT നസീർ വധ ശ്രമക്കേസിൽ കേട്ടിരുന്നു. ആ ഷംസീറാണല്ലേ താങ്കളുടെ പ്രതീക്ഷ?

ഷുക്കൂർ വധക്കേസിൽ ആദ്യ ഘട്ടത്തിൽ ആരോപണ വിധേയനായ ടി.വി രാജേഷും ഭാവി വാഗ്ദാനമാണ്.

സൂര്യനു കീഴെയുള്ള മുഴുവൻ കാര്യത്തിലും അഭിപ്രായം പറഞ്ഞിട്ടും സ്വരാജ്, തൻ്റെ മണ്ഡലമായ തൃപ്പൂണിത്തറയിലെ "ഘർ വാപ്പസി കേന്ദ്രത്തെ" പറ്റി ഒരക്ഷരം ഉരിയാടാത്തത് തികഞ്ഞ "ഫാഷിസ്റ്റ് വിരുദ്ധത" കൊണ്ടാകാം.

കേരളത്തിൻ്റെയും, കുണ്ടറയുടെയും ഭാവി ഈ മഹാന്മാരിൽ സുരക്ഷിതമാണ്.

ഒരു വേള ഇതേ വിമർശനം, CPIM ൻ്റെ ഈ യുവ കേസരികളെ പറ്റി താങ്കൾ പറഞ്ഞിരുന്നെങ്കിൽ, എന്താകുമായിരുന്നു അവസ്ഥ? കുളനട വിട്ട് പുറത്ത് പോകുവാൻ താങ്കൾക്ക് കഴിയുമായിരുന്നോ? ആടുജീവിതം, ഒരാളുടെ അനുഭവം മോഷ്ടിച്ചതാണെന്ന് അവർ പറയില്ലെ?

ബാലചന്ദ്രൻ വടക്കേടത്തും, വി. സി ശ്രീജനും മുൻപ് പറഞ്ഞ വിമർശനങ്ങൾക്ക് വീണ്ടും ജീവൻ വെയ്ക്കില്ലെ? നജീബ് എന്ന യഥാർത്ഥത്തിൽ ജീവിച്ച മനുഷ്യൻ്റെ ജീവിതം പകർത്തിയതാണ് എന്ന്, ആടുജീവിതത്തിൻ്റെ ഒന്നാം പതിപ്പിൽ പറഞ്ഞിട്ട്, അതൊരു സാങ്കൽപിക സൃഷ്ടിയാണ് എന്ന് നൂറാം പതിപ്പിൽ പറഞ്ഞതിൻ്റെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെടില്ലെ?

"അർബാബിൻ്റെ തടവിൽ നിന്ന് തന്നെ രക്ഷിക്കാൻ മൂസാ നബിയെപ്പോലെ ഒരു വിമോചകനെ അയച്ചു തരു " എന്ന് ആടുജീവിതത്തിൽ നജീബ് പറയുന്നുണ്ട്. അതുപോലെ CPIM ൻ്റെയും പോരാളി ഷാജിയുടെയും തടവിൽ നിന്ന് താങ്കളെ രക്ഷിക്കാൻ ഏത് വിമോചകനെയാണ് അയക്കണ്ടത് പ്രിയ ബെന്യാമിൻ?

Shafi Parambil VT Balram Sabarinadhan K S T Siddique ഒരാളെ പോലും കൊന്ന കേസിൽ പ്രതിയാകാത്ത, ബന്ധു നിയമനം നടത്താത്ത എന്തു കൊഞ്ഞാണന്മാരാണ് നിങ്ങൾ!!!

 

വി ടി ബല്‍റാമിന്‍റെ മറുപടിയുടെ പൂര്‍ണരൂപം

'ആടുജീവിത'ത്തിൽ നിന്ന് 'ശരീരശാസ്ത്ര'ത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിൻ്റെ സർഗ്ഗാത്മകതയുടെ "വളർച്ച" കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ട് മറുപടിയായി ഒന്നും പറയുന്നില്ല.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നിർത്തിയതുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിന്‍റെയും കെ എസ് ശബരിനാഥന്‍റെയും വി ടി ബൽറാമിന്‍റെയും ടി സിദ്ദിഖിന്‍റെയും ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഇട്ട ശേഷം കോൺഗ്രസ്സിന്‍റെയും ഇന്ത്യയുടെയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യിൽ ഭദ്രമാണല്ലോയെന്നായിരുന്നു ബെന്യാമിന്‍ കുറിച്ചത്.