Asianet News MalayalamAsianet News Malayalam

പതിവ് തെറ്റി; ഇത്തവണ പൊതുവിദ്യാലയങ്ങളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്

കഴിഞ്ഞ വർഷം 3,48,741 കുട്ടികളായിരുന്നു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇത്തവണ 45,573 കുട്ടികളുടെ കുറവാണുള്ളത്.

number of children enrolled in first standard is very low in this year  Kerala
Author
Thiruvananthapuram, First Published Jul 7, 2022, 10:52 PM IST

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നതാണ് കഴിഞ്ഞ കുറെ വ‍ർഷങ്ങളിലായുള്ള പതിവ്. പക്ഷെ ഇത്തവണ ആ  പതിവ് തെറ്റി, സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷമുണ്ടായത് അരലക്ഷത്തോളം വിദ്യാർത്ഥികളുടെ കുറവാണ്.  ആറാം പ്രവർത്തിദിനത്തിലെ കണക്ക് പ്രകാരം ഒന്നാം ക്ലാസിൽ പ്രവേശനം  നേടിയ ആകെ കുട്ടികളുടെ എണ്ണം 3,03,168 ആണ്. വിദ്യാഭ്യാസ  മന്ത്രി വി ശിവന്‍കുട്ടി  നിയമസഭയെ അറിയിച്ചതാണ് ഇത്.

ഈ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ട്. കഴിഞ്ഞ വർഷം 3,48,741 കുട്ടികളായിരുന്നു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇത്തവണ 45,573 കുട്ടികളുടെ കുറവാണുള്ളത്. സർക്കാർ സ്കൂളുകളിൽ മാത്രം 15380 കുട്ടികളുടെ കുറവ്. എയ്ഡഡ് സ്കൂളുകളിൽ 22,142 കുട്ടികളുടെ കുറവുണ്ടായി. അൺഎയ്ഡഡ് സ്കൂളുകളിൽ 8051 കുട്ടികൾ കുറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിലെ കാരണം സർക്കാർ കൃത്യമായി പറയുന്നില്ല.

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ 

തിരുവനന്തപുരം 22,433
കൊല്ലം 17,024
പത്തനംതിട്ട 6,554
ആലപ്പുഴ 13,005
കോട്ടയം 11,687
ഇടുക്കി 8,063
എറണാകുളം 19,821
തൃശൂർ 26,186
പാലക്കാട് 27,514
മലപ്പുറം 68,517
കോഴിക്കോട് 31,248
വയനാട് 9,519
കണ്ണൂർ 24,733
കാസർകോട് 16,866

അതേസമയം രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഏണ്ണം കൂടി. സർക്കാർ സ്കൂളുകളിൽ 44,915ഉം എയ്ഡഡ് സ്കൂളുകളിൽ 75,055ഉം ഉൾപ്പെടെ 1,19,970 കുട്ടികൾ കൂടി. രണ്ടാം ക്ലാസിൽ 6870ഉം മൂന്നിൽ  9006ഉം നാലിൽ 10,245ഉം അഞ്ചിൽ 32,545ഉം ആറിൽ 13,423ഉം ഏഴിൽ 10,190ഉം എട്ടിൽ 28,791ഉം ഒമ്പതിൽ 8009ഉം 10ൽ 891ഉം കുട്ടികളാണ് വർധിച്ചത്. സംസ്ഥാനത്ത് പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്കൂളുകളും 109 എയ്ഡഡ് സ്കൂളുകളുമുണ്ട്.

ഈ വർഷം ആകെ 38,32,395 കുട്ടികളാണുള്ളത്. 12,73,014 പേർ  സർക്കാർ സ്കൂളുകളിലും 22,26,349 എയ്ഡഡ് സ്കൂളുകളിലും 3,33,032  അൺഎയ്ഡഡ് സ്കൂളുകളിലുമായി പഠിക്കുന്നു. കഴിഞ്ഞ വർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ 38,77,914 കുട്ടികളാണുണ്ടായിരുന്നത്. സാധാരണ ഒന്നാം ക്ലാസിൽ കൂട്ടികൾ ചേർന്നതിന്റെ കണക്ക് ആറാം പ്രവർത്തിദിനത്തിൽ സ‍ർക്കാർ പുറത്തുവിടാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നത് വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ് കണക്ക് നൽകിയത്.

Follow Us:
Download App:
  • android
  • ios