കേരള മെഡിക്കൽ ആൻഡ് പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അമ്പോക്കാണ് അർബുദ പ്രതിരോധത്തിനും അവബോധത്തിനും ഊന്നൽ നൽകിയുള്ള സർവേ നടത്തിയത്
തിരുവനന്തപുരം: കേരളത്തിൽ ക്യാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയുന്നവരുടെ എണ്ണം തീരെ കുറവാണെന്ന് സര്‍വേ. ക്യാൻസർ ചികിത്സ വിദഗ്ധരുടെ സംഘടനയാണ് ഇതുസംബന്ധിച്ച സര്‍വേ പുറത്തുവിട്ടത്. കേരള മെഡിക്കൽ ആൻഡ് പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അമ്പോക്കാണ് അർബുദ പ്രതിരോധത്തിനും അവബോധത്തിനും ഊന്നൽ നൽകിയുള്ള സർവേ നടത്തിയത്.
അമ്പോക്ക് സംഘടിപ്പിക്കുന്ന കേരള ക്യാൻസർ കോൺക്ലേവിന് നാളെ തലസ്ഥാനത്ത് തുടക്കമാകും. എത്ര പേർക്ക് ക്യാൻസർ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം?, അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളെ പറ്റി എന്തെല്ലാം അറിയാം?, ക്യാൻസർ സ്ക്രീനിംഗ് പരിശോധന നടത്തിയിട്ടുള്ളവർ എത്ര പേരുണ്ട്?, ഇങ്ങനെ അർബുദ ചികിത്സയെയും പ്രതിരോധത്തെയും സംബന്ധിക്കുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായാണ് കേരള മെഡിക്കൽ ആൻഡ് പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അമ്പോക്ക് സർവേ നടത്തിയത്.
ഈ സര്‍വേയിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാനാവുന്നവരുടെ എണ്ണം തീരെ കുറവാണെന്ന് കണ്ടെത്തിയത്. പലമേഖലകളിലായി തെരഞ്ഞെടുത്തവരിലാണ് സർവേ നടത്തിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് ചികിത്സയും, പരിചരണവും ഇൻഷുറൻസും, മരുന്നുകളും മുതൽ പല തലങ്ങളിലായി അർബുദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള ക്യാൻസർ കോൺക്ലേവിന് പ്രധാന്യമേറുന്നത്.
ദേശീയ അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന ഉച്ചക്കോടി നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയാണ് വേദി. അമ്പോക്ക് സർവേ ഫലവും കോൺക്ലേവിൽ പ്രകാശനം ചെയ്യും. ക്യാൻസർ ചികിത്സ രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ, മരുന്നുകളുടെ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, ചികിത്സ ലഭ്യത, മാധ്യമങ്ങളുടെ ഉത്തരവാദിത്വം തുടങ്ങി വിവിധ വിഷയങ്ങൾ ഉച്ചക്കോടിയിൽ ചർച്ചയാകുമെന്ന് അമ്പോക്ക് (AMPOK) ഭാരവാഹിയായ ഡോ. ബോബൻ തോമസ് പറഞ്ഞു.

