കണ്ണൂർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ അവകാശങ്ങൾക്കു വേണ്ടി പൊരുതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. മാസ്കുൾപ്പെടെ സുരക്ഷാ ഉപകരണങ്ങളൊന്നും നൽകാത്തതിലും പകുതിയോളം നഴ്സുമാരെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിനെതിരെയുമാണ് നഴ്സുമാരും ജീവനക്കാരും സമരത്തിനിറങ്ങിയത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ പകുതിയോളം നഴ്സുമാരോട് മാസം പത്ത് ദിവസത്തിലധികം നിർബന്ധിത അവധിയിൽ പോകാൻ മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് വ്യാപനം തുടങ്ങി രണ്ട് മാസമായിട്ടും മാസ്ക്കും കയ്യുറയുമടക്കം ഒരു സുരക്ഷാ ഉപകരണങ്ങളും ജീവനക്കാർക്ക് നൽകിയിട്ടുമില്ല. ആശുപത്രിയിൽ വാഹനങ്ങളുണ്ടായിട്ടും ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പോലും വാഹനസൗകര്യം ഏർപ്പെടുത്തിയില്ല. ശമ്പളം വെട്ടിക്കുറക്കാനും നീക്കമുണ്ടായി. ഇതോടെയാണ് കൊയിലിയിലെ നഴ്സുമാരും ശുചീകരണ ജീവനക്കാരും രാവിലെ ഏഴരമുതൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ആശുപത്രി പ്രവർത്തനത്തിനുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയ ശേഷമായിരുന്നു സാമൂഹിക അകലം പാലിച്ച് സമരം. 

നഴ്സ്മാരുടെ സംഘടനയായ ഐഎൻഎ ഇടപെട്ട് രണ്ട് തവണ മാനേജ്മെന്റുമായി ചർച്ച നടത്തി. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ആരോഗ്യമന്ത്രി മാനേജ്മെ‍ന്‍റിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് മാനേജ്മെന്‍റ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായത്.