15 വര്‍ഷം അധ്യാപന പരിചയവും മതിയായ യോഗ്യതയുമുള്ള ആളെ തള്ളി വെറും രണ്ട് വര്‍ഷവും പത്ത് മാസവും മാത്രം സേവന കാലാവധിയുള്ള ആളെ നേഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ നിയമിച്ച ആരോഗ്യവകുപ്പിന്‍റെ നടപടിയാണ് വിവാദത്തിലായത്

തിരുവനന്തപുരം: നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമന വിവാദത്തിൽ ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ വാദം പൊളിയുന്നു. നഴ്സിംഗ് കൗൺസിൽ ശുപാര്‍ശ ചെയ്ത രണ്ട് പേരിൽ നിന്ന് യോഗ്യത അനുസരിച്ചാണ് ഒരാളെ തെരഞ്ഞെടുത്തത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശയിലുണ്ടായിരുന്നതെന്നാണ് നഴ്സിംഗ് കൗൺസിൽ യോഗത്തിന്‍റെ മിനിറ്റ്സ് വ്യക്തമാക്കുന്നത്

15 വര്‍ഷം അധ്യാപന പരിചയവും മതിയായ യോഗ്യതയുമുള്ള ആളെ തള്ളി വെറും രണ്ട് വര്‍ഷവും പത്ത് മാസവും മാത്രം സേവന കാലാവധിയുള്ള ആളെ നേഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ നിയമിച്ച ആരോഗ്യവകുപ്പിന്‍റെ നടപടിയാണ് വിവാദത്തിലായത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലേക്ക് നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ 8 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം വേണമെന്നാണ് വ്യവസ്ഥ. ഇത് നിലനിൽക്കെ അപേക്ഷ ക്ഷണിക്കുമ്പോൾ പ്രൊബേഷൻ പോലും പൂര്‍ത്തിയാകാത്ത മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായർ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്നായിരുന്നു ആക്ഷേപം

എന്നാൽ യോഗ്യത കണക്കാക്കി ഒരു പേര് മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളു എന്ന് സെപ്തംബര്‍ 14 ലെ നേഴ്സിംഗ് കൗൺസിൽ യോഗത്തിന്‍റെ മിനിറ്റ്സിൽ വ്യക്തമാണ്. അനധികൃത നിയമനം നേടിയെന്ന് ആക്ഷേപം നേരിടുന്ന മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായരുടെ പേര് ശുപാര്‍ശയിൽ ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ എൻജിഒ യൂണിയൻ നേതാവ് കൂടിയായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തുടക്കം മുതൽ നേരിട്ട് ഇടപെട്ടെന്നാണ് വിവരം. ഇതനുസരിച്ചാണ് തുടര്‍നടപടിക്ക് സമര്‍പ്പിക്കുന്നു എന്ന വിശദീകരണത്തോടെ ഓഗസ്റ്റ് 12 ലെ ശുപാര്‍ശയിൽ ആശ പി നായരുടെ പേര് ഉൾപ്പെടുത്തിയതും.

 മതിയായ യോഗ്യത ഉണ്ടായിട്ടും ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ നിയമനം കിട്ടിയില്ലെന്നും പകരം നടന്ന അനധികൃത നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ നഴ്സിംഗ് കോളേജിലെ ബിനു സദാനന്ദൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അനധികൃത നിയമനം വിവാദമായതോടെ 13 ന് ചേരുന്ന നേഴ്സിംഗ് കൗൺസിലും സംഭവം വിശദമായി വിലയിരുത്തും