ബം​ഗളൂരു: ലോക്ക്ഡൌണിനെ തുടർന്ന് കർണാടക തുംകൂരുവിലെ നേഴ്‌സിങ് കോളേജിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലെത്തി. കേരളവും കർണാടകവും സമ്പൂർണമായും അടച്ചിട്ടതോടെ ശ്രീദേവി കോളേജ് ഓഫ് നേഴ്‌സിങ് അധികൃതർ 25വിദ്യാർത്ഥിനികളെ മടങ്ങാൻ അനുവദിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളില്‍ സഹായാഭ്യർത്ഥിച്ച് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതർ അനുവദിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ തങ്ങളെ നിർബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേർ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സർവകലാശാല സർക്കുലറുണ്ടെന്നാണ് കോളേജധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍ സർക്കുലർ പ്രകാരം അത്യാവശ്യ സന്ദർഭങ്ങളില്‍ മാത്രമേ ഓഫ് ലൈൻ ക്ലാസുകൾ നടത്താവൂ.  എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാർത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona