തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂർ എംപിയുടെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട  നിലപാടാണെന്ന് രാജഗോപാൽ പറഞ്ഞു.

പാലായിൽ മാത്രം ഉപ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ശരിയല്ലെന്നും രാജഗോപാൽ വ്യക്തമാക്കി. അതേസമയം, ശശി തരൂർ എംപിയുടെ മോദി അനുകൂല നിലപാടിനെതിരെ കോൺ​ഗ്രസ് സംസ്ഥാന നേതാക്കൾ രം​ഗത്തെത്തി. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നായിരുന്നു തരൂരിന്റെ പ്രസ്താവന. 

ശശി തരൂരിന്‍റെ പ്രസ്താവയെ തള്ളി രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ ശശി തരൂർ രം​ഗത്തെത്തിയിരുന്നു. മോദി നിശിതമായി എതിര്‍ത്ത തരൂര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സമാന അഭിപ്രായമായിരുന്നു ബെന്നി ബഹനാനും.

‌മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെ മുരളീധരന്‍ രംഗത്തെത്തിയത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്നും കോണ്‍ഗ്രസിന്‍റെ ചെലവില്‍ വേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. 

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ആദ്യം രം​ഗത്തെത്തിയത്. ഇതിനു പിന്നാലെ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി തരൂരും രംഗത്തെത്തുകയായിരുന്നു.