പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് അച്ചടക്ക നടപടി. കേസിൽ ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി: കൊച്ചിയിൽ വനിതാ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി നേതാവിന് സസ്പെൻഷൻ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് അച്ചടക്ക നടപടി. കേസിൽ ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്‍റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഇയാളുടെ വിശദീകരണം പൊലീസ് തള്ളിക്കളഞ്ഞു.

അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെയാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.

ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു. ഇതോടെയാണ് മാധ്യമപ്രവർത്തക പൊലീസിസിൽ പരാതി നല്‍കിയത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാർ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. 

Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player