മലപ്പുറം: കുട്ടികളുടെ ഓൺലൈൻ പഠന ക്ലാസിലേക്ക് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്തെന്ന പരാതിയുമായി മലപ്പുറത്ത് കൂടുതല്‍ രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തി.സ്കൂള്‍  വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അധ്യാപികമാരുടെ ഫോണ്‍ നമ്പറിലേക്കും ഇത്തരം വീഡിയോകള്‍ അയക്കുന്നുണ്ട്.

കുറ്റിപ്പുറത്തെ  സ്കൂളിലെ ഓൺലൈൻ പഠനക്ലാസില്‍ സാമൂഹ്യവിരുദ്ധര്‍  അശ്ലീല ചിത്രങ്ങള്‍ പോസ്റ്റുചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് പരാതിയുമായി കൂടുതല്‍ രക്ഷിതാക്കളും അധ്യാപകരും ചൈല്‍ഡ് ലൈനെ സമീപിച്ചത്. രണ്ട് ദിവസത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് പരാതികളാണ് ചൈല്‍ഡ് ലൈന് കിട്ടിയിരിക്കുന്നത്. 

ഓൺലൈൻ ക്ലാസുകളില്‍ നുഴഞ്ഞുകയറി സാമൂഹ്യ വിരുദ്ധര്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത സംഭവങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെച്ച ദൃശ്യങ്ങളും ചിത്രങ്ങളും കുട്ടികള്‍ പഠനത്തിനിടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിയമ നടപടികള്‍ ശക്തമാക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം നടത്താനുമുള്ള നീക്കത്തിലാണ് ചൈല്‍ഡ് ലൈൻ.