പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി

ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിടുകയും ചെയ്തു. ദുർമന്ത്രവാദത്തിന്‍റെ ഭാഗമായാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രതിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തേബദമുണ്ഡ ഗ്രാമത്തിലെ നിവാസിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21-നാണ് ബഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ സന്തോഷ് ഖർസെലിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിൽ, സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ആദ്യം, മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സാഹു പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ പൂജാമുറി പരിശോധിച്ച പോലീസ് അവിടെ കുഴിച്ചിട്ട നിലയിൽ കൊല്ലപ്പെട്ടയാളുടെ തല വീണ്ടെടുത്തു.

പോലീസ് പറയുന്നതനുസരിച്ച് കൊല്ലപ്പെട്ട സന്തോഷും പ്രതിയായ സാഹുവും തമ്മിൽ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. യാദൃച്ഛികമായി കണ്ടുമുട്ടിയ സന്തോഷിനെ സാഹു വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായി തല മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പൂജാമുറിയിൽ നിന്ന് തല കണ്ടെടുക്കുക കൂടി ചെയ്തതോടെയാണ് ഇതിന് പിന്നിലെ ദുർമന്ത്രവാദത്തിന്‍റെ വശം വ്യക്തമായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

YouTube video player