ടൂറിസ്റ്റ് വിസയില്‍ കമ്പോഡിയയിലേക്കും വിയറ്റ്നാമിലേക്കും ആളുകളെ എത്തിച്ചാണ് ചൈനീസ് സംഘത്തിന്‍റെ മനുഷ്യക്കടത്ത്.

തിരുവനന്തപുരം: ചൈനീസ് സംഘത്തിന്‍റെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ കുരുങ്ങിയ 5000ത്തിലധികം പേരാണ് രക്ഷപ്പെടാൻ എമിഗ്രേഷൻ വകുപ്പിലേക്ക് പരാതി നൽകിയത്. ടൂറിസ്റ്റ് വിസയില്‍ കമ്പോഡിയയിലേക്കും വിയറ്റ്നാമിലേക്കും ആളുകളെ എത്തിച്ചാണ് ചൈനീസ് സംഘത്തിന്‍റെ മനുഷ്യക്കടത്ത്. നയതന്ത്ര ബന്ധമില്ലാത്ത സ്ഥലത്താണ് പലരും കുടുങ്ങിയിരിക്കുന്നത്. 

വിദേശത്തെ കോള്‍ സെന്‍റർ ജോലിക്ക് നല്ല ശമ്പളം ഓഫർ ചെയ്യുന്നതോടെയാണ് യുവതീ യുവാക്കള്‍ കൂടുതലൊന്നും ചിന്തിക്കാതെ എടുത്തു ചാടുന്നത്. ഓരോ റിക്രൂട്ട്മെന്‍റിനും ചൈനീസ് സംഘം ഏജൻസികള്‍ക്കും ഏജൻറുമാർക്കും പണം നൽകും. ടൂറിസ്റ്റ് വിസയിലാണ് തൊഴിന്വേഷകരെ തായ്‍ലന്‍റിലും കമ്പോഡിയയിലും വിയറ്റ്നാമിലുമെത്തിക്കുന്നത്. ഇവിടെ സ്വീകരിക്കാൻ ചൈനീസ് ഏജന്‍റുമാരുണ്ടാകും. ഇവിടെ നിന്നും റോഡ് മാർഗമാണ് കമ്പോഡിയിലേക്കും മ്യാൻമറിലേക്കും കൊണ്ടുപോകുന്നത്. ഇവരുടെ പിടിയിലായാൽ രക്ഷപ്പെടൽ പ്രയാസമാണ്. തിരിച്ചുവരണമെങ്കിൽ ചൈനീസ് സംഘത്തിന് പണം തിരിച്ചു നൽകണം. അങ്ങനെ രക്ഷപ്പെടാൻ മാർഗമില്ലാതെ അകപ്പെട്ടു കിടക്കുന്നത് ആയിരങ്ങളാണ്. നയതന്ത്ര പരിരക്ഷ ലഭിക്കാത്ത വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലടക്കമാണ് ഇവരുള്ളത്. 

രാജ്യം തന്നെ നേരിടുന്ന ഒരു വെല്ലുവിളിയായി മാറുകയാണ് വിദേശ സംഘങ്ങളുടെ തട്ടിപ്പ്. സാമ്പത്തിക വ്യവസ്ഥയെ പോലും അട്ടിമറിക്കുന്ന രീതിയിലാണ് തട്ടിപ്പുകള്‍. ഇൻറർപോള്‍ ഉള്‍പ്പെടുന്ന ഏജൻസികള്‍ അതീവ ഗൗരവത്തോടെയാണ് തട്ടിപ്പ് സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്.

ചൈനീസ് സൈബര്‍ തട്ടിപ്പിനായി കേരളത്തിൽ നിന്ന് സിം കാര്‍ഡുകള്‍ എത്തിക്കുന്നു

വിദേശത്തെ കോൾ സെന്‍റര്‍ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവമാണ്. വ്യാജ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോള്‍ സെൻററുകള്‍ വഴിയുള്ള തട്ടിപ്പ്. സംഭവത്തില്‍ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം കൂടാനോ ഷെയർമാർക്കറ്റിൽ പങ്കാളിയാകാനോ ക്ഷണിച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പ് തുടങ്ങുന്നത്. സംസാരിക്കുന്നത് മലയാളിയായിരിക്കുമെങ്കിലും കോളിന്‍റെ ഉറവിടം ഇന്ത്യയില്‍ എവിടെനിന്നും ആയിരിക്കില്ല.

കമ്പോഡിയലും മ്യാൻമറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻററുകളിൽ നിന്നാണ് ഈ കോളുകൾ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സിമ്മെത്തിക്കുന്ന സംഘമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരമനുസരിച്ച് കേരള പൊലീസിന്‍റെ സൈബർ ഡിവിഷൻ പരിശോധന നടത്തുന്നതിനിടെയാണ് തൃശൂരിൽ മൂന്നര ലക്ഷം ഓണ്‍ ലൈൻ വഴി തട്ടിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. 

കൊല്ലത്തുള്ള ഒരാളുടെ പേരിലെടുത്ത സിമ്മിൽ നിന്നാണ് കോളെത്തിയത്. പക്ഷെ അയാൾക്ക് ഈ തട്ടിപ്പുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്വേഷണം ചെന്നെത്തിയത് സിം വിൽപ്പന നടത്തുന്ന വർക്കല സ്വദേശി വിഷ്ണുവിലേക്ക്. തുടര്‍ന്ന് വിഷ്ണവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൈനീസ് തട്ടിപ്പു സംഘത്തോടൊപ്പം ജോലി ചെയ്യുന്ന മുഫ്ളിക്കിനു വേണ്ടിയാണ് വ്യാജ വിലാസത്തിൽ സിമ്മുകളെടുത്ത് നൽകുന്നതെന്ന് വിഷ്ണു മൊഴി നൽകി.

കേരളത്തിലെ പല ഭാഗങ്ങളിലായി 500 ലധികം സിമ്മുകള്‍ മഫ്ലിക്ക് ഇങ്ങനെ വാങ്ങിയിട്ടുണ്ട്. വിഷ്ണു കൈമാറുന്ന ഒടിപി നമ്പറുപയോഗിച്ച് വിദേശത്തിരിക്കുന്ന മുഫ്ലിക്ക് വാടാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഈ നമ്പറുകള്‍ വഴി തട്ടിപ്പ് നടത്തുന്നത്.വിദേശത്തുനിന്നുമെത്തിയ മുഫ്ലിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഫ്ലിക്കിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കന്നത് വിദേശത്ത് പ്രവർത്തിക്കുന്ന ചൈനീസ് സംഘത്തെ കുറിച്ചുള്ള പ്രധാന വിവരങ്ങളാണ്. കേസില്‍ വിഷ്ണുവും മുഫ്ലിക്കുമാണ് ഇതുവരെ പിടിയിലായത്. 

വമ്പൻ ശമ്പളം വാഗ്ദാനം, മലയാളികളെ വലയിൽ വീഴ്ത്തൽ ജോലി; ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂരത, പിന്നിൽ ചൈനീസ് സംഘം

YouTube video player