കൊച്ചി: കൊച്ചിയിൽ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കുകയാണ് അധികൃതർ. ജല അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നഗരത്തിൽ കുഴിച്ച കുഴികളാണ് അടയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. പാലാരിവട്ടം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്തെ മൂന്ന് കുഴികളാണ് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം അടച്ചത്. 

കൂനമ്മാവ് സ്വദേശി യദുലാലിന്‍റെ മരണത്തിനിടയാക്കിയ കുഴിക്ക് സമാനമായി പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള കുഴിയും അധികൃതർ കഴിഞ്ഞ രാത്രി അടച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി കിട്ടാതിരുന്നതാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചതെന്ന് ജല അതോറിറ്റി അധികൃതർ ആരോപിച്ചു. അതേസമയം അനുമതി കിട്ടാൻ വൈകുന്നത് ജല അതോറിറ്റി ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.