എറണാകുളം: പള്ളൂരുത്തിയിൽ വീടിന് സമീപം മാലിന്യമിട്ടതിനെ ചൊല്ലിയുണ്ടായ  സംഘര്‍ഷത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. പള്ളൂരുത്തി സ്വദേശി സുധര്‍മണിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന് സമീപമുള്ള ഓടയിലേക്ക് സുധര്‍മണി മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് രാജേഷ് വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. സുധര്‍മണിയുടെ മക്കൾ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി.

 തന്‍റെ മക്കളെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ സുധര്‍മണിയെ ഇയാൾ പിടിച്ച് തള്ളി. ഹൃദ്രോഗിയായ ഇവർ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞ് വീണു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു. രാജേഷ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികളും പറയുന്നു. സംഭവത്തിൽ രാജേഷിനെ പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്.