ബാലരാമപുരം പാറക്കോണത്ത് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കല്ലേറിൽ പരിക്കേറ്റാണ് വൃദ്ധൻ മരിച്ചത്. അയൽവാസികളായ രണ്ടുപേരെ ബാലരാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധൻ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. വാക്കുതര്‍ക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അയൽവാസിയായ സന്തോഷും പ്രവീണുമായുള്ള വാക്കുതര്‍ക്കത്തിനിടെ വീടിന്‍റെ വരാന്തയിൽ നിന്ന കരുണാകരനെ കോൺക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വയറിൽ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി . ഇന്ന് രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. കരുണാകരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരുണാകരന് പരിക്കേറ്റപ്പോള്‍ പരാതിയൊന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്നും മരണത്തിന് ശേഷമാണ് പൊലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.