കൊല്ലം: കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധക്കിടെ വയോധികന് പൊലീസ് മര്‍ദ്ദനം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് ചടയമംഗലം പൊലീസ് വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിടെയാണ് മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദൻ നായര്‍ എന്ന വയോധികൻ പൊടിമോൻ എന്ന സുഹൃത്തുമായി ബൈക്കിലെത്തിയത്. ബൈക്കിന് പിന്നിലായിരുന്നു ഇദ്ദേഹം യാത്രചെയ്തിരുന്നത്. 

പൊലീസ് കൈകാണിച്ച് വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. ഇരുവര്‍ക്കും ഹെൽമറ്റോ വാഹനത്തിന്‍റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന്  ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരാണ് ഇപ്പോൾ പണമെടുക്കാനില്ലെന്നും ഇരുവരും അറിയിച്ചു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നു. 

രോഗിയാണെന്ന് രാമാനന്ദൻ നായര്‍ അറിയിച്ചെങ്കിലും പ്രൊബേഷൻ എസ് ഐ നജീം അടക്കമുള്ളവര്‍ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പൊടിമോനെ വാഹനത്തിൽ കയറ്റി. രാമാനന്ദൻ നായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ പ്രതിരോധിക്കുകയും പൊലീസ്  ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് വയോധികന് മുഖത്ത് അടിയേറ്റത്. 

ജംങ്ഷനിൽ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. രാമാനന്ദൻ നായര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എസ് ഐയെ ആക്രമിക്കാൻ രാമാനന്ദൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങളടക്കം സംഭവം വിവാദമായതോടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്പി ആവശ്യപ്പെട്ടു. 

"