Asianet News MalayalamAsianet News Malayalam

91 ലെ പ്രളയത്തിൽ കൈത്താങ്ങായി ഡിവൈഎഫ്ഐ, കെ.കരുണാകരന് സംഭാവന നൽകുന്ന ചിത്രം പങ്കുവച്ച് ചന്ദ്രബാബു

ഡിവൈഎഫ്ഐ ശേഖരിച്ച പണം ദുരിതാശ്വാസനിധിയിലേക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കൈമാറുന്നതിന്റെ ചിത്രമാണ്...

old pic od dyfi shares money to cmdrf in 1991
Author
Thiruvananthapuram, First Published Apr 27, 2021, 11:26 PM IST


കൊവിഡ് വ്യാപനത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് മലയാളികൾ ഒന്നടങ്കം. കൊവിഡ് വാക്സിൻ സൌജന്യമായി ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും കേരളത്തിൽ അത് സൌജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെയാണ് ജനങ്ങൾ സ്വന്തം തീരുമാനപ്രകാരം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകാൻ തുടങ്ങിയത്. 

ഇതിനിടെ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് സിപിഎം നേതാവ് സി ബി ചന്ദ്രബാബു. 1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാനത്ത് നിന്ന് ഹുണ്ടിക പിരിവ് വഴി ശേഖരിച്ച പണം ദുരിതാശ്വാസനിധിയിലേക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കൈമാറുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ഫേസ്ബുക്കിലൂടെയാണ് ചിത്രം ഒപ്പം ഇതുസംബന്ധിച്ച കുറിപ്പും പങ്കുവച്ചിരിക്കുന്നത്. 

സി ബി ചന്ദ്രബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു പഴയ ചിത്രമാണ്.
ഇത്തരം ചിത്രങ്ങൾ ഒന്നും എൻ്റെ പക്കൽ ഇല്ല. DYFI യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്.1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്.
സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ,കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്.മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്.
ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്.
സംഭവദിവസം മുഖ്യമന്ത്രി യെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്.ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല.
മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.
സി.എം.വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി DYFI ഓഫീസിൽ എത്തി.മൊബൈലൊന്നുമില്ലാത്ത കാലമാണ്.എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു.നമ്പർ സംഘടിപ്പിച്ച് ലാൻ്റ് ഫോണിൽ കറക്കി.മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു.സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു.ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു.DYFI ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു.
ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നു.രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്.നോർത്ത് ബ്ലോക്ക് മുതൽ പോലീസ് അകമ്പടിയോടെ സി.എം.ൻ്റെ ഓഫീസിലേക്ക്.
ആഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു.ലേശം ഗമയിൽ തന്നെ അകത്തു കയറി.ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, DYFI ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെൻ്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം.കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളംസുധാകരനോട് ഒരുപദേശവും.
വാക്സിൻ ചലഞ്ചിനോടോം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്.DYFI അതിൻ്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് DYFI നിലപാട്

സി.ബി.ചന്ദ്രബാബു 

Follow Us:
Download App:
  • android
  • ios