ബംഗളൂരു: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ നില്‍ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത പ്രചരിച്ചത്.

''വി മുരളീധരൻ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാൻ പോയതാണ്. അപ്പോൾ വി മുരളീധരൻ പാർട്ടി പരിപാടിയിലായിരുന്നു. എത്തിയപ്പോൾ പാർട്ടിക്കാർ വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‍ൻ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ല. ബിജെപിയില്‍ ചേർന്നു എന്ന തരത്തിലുള്ള വാർത്തകളെല്ലാം തെറ്റാണ്''.  അഞ്ജു ബോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ബിജെപി കർണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിച്ച് തുടങ്ങി. എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അഞ്ജു വ്യക്തമാക്കി.

"