Asianet News MalayalamAsianet News Malayalam

Omicron : നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന 4407 പേർ, ജാഗ്രത

നെടുമ്പാശ്ശേരിയിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാ കളക്ടറും ഡിഎംഒയും അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എറണാകുളത്ത് ഇന്നലെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 

Omicron Scare In Kerala Government To Intensify Testing Strategy
Author
Kochi, First Published Dec 13, 2021, 3:27 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റിവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്. 

നെടുമ്പാശ്ശേരിയിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാ കളക്ടറും ഡിഎംഒയും അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എറണാകുളത്ത് ഇന്നലെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 

വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഇനി കർശനമാകും. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാനാകൂ. യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റോ ആർടിപിസിആർ പരിശോധനയോ നടത്താം. പരിശോധനാഫലം പരമാവധി മൂന്ന് മണിക്കൂറിനുള്ളിൽ ലഭിക്കും. തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ ഏഴ് സ്വകാര്യ ആശുപത്രികളും പരിശോധനകളിൽ സഹകരിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സീൻ എല്ലാവർക്കും ഉറപ്പാക്കാനാണ് ഇപ്പോൾ സർക്കാരിന്‍റെ ഏറ്റവും വലിയ ശ്രമമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. 

ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്നവർ കേന്ദ്രസര്‍ക്കാറിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് ചട്ടം.  7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കിൽ ഉടന്‍ കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും. ഏത് വൈറസെന്ന് സ്ഥിരീകരിക്കാന്‍  പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്. 

നാലായിരത്തിലധികം പേർ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരിച്ചാകും നിരീക്ഷണസംവിധാനങ്ങൾ കടുപ്പിക്കുക. 

കൊച്ചിയിൽ നിലവിൽ ഒമിക്രോൺ ബാധിതനായി നിരീക്ഷണത്തിൽ കഴിയുന്ന കൊച്ചി വാഴക്കാല സ്വദേശിക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഭാര്യയും അമ്മയും കഴിഞ്ഞ ദിവസം കൊവിഡ് പൊസിറ്റീവായിരുന്നു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെ സാമ്പിൾ പരിശോധനാഫലം നാളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിനുളളിലും ശേഷവും രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ നിലവിൽ നിരീക്ഷണത്തിലാണ്. 

ഡിസംബർ 6-നാണ് യുകെയിൽ നിന്ന് അബുദാബി വഴി മുപ്പത്തൊമ്പതുകാരൻ എത്തിയത്. വിമാനത്താവളത്തിൽ ഇദ്ദേഹത്തിനും ഭാര്യക്കും നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന്  നടത്തിയ പരിശോധനയിലാണ് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്. ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.  

ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിൽ 149 യാത്രക്കാരാണുണ്ടായിരുന്നത്. 26 മുതൽ 32 വരെ  6 സീറ്റുകളിലുള്ള ഹൈറിസ്ക് വിഭാഗത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും. പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ടാക്‌സി ഡ്രൈവറേയും നിരീക്ഷിച്ചു വരികയാണ്.  

രാജ്യത്ത് ഇത് വരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിയേഴാണ്. ചണ്ഡീഗഡിലും, ആന്ധ്രാ പ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. ഇതിനിടെ രണ്ട് മണിക്കൂർ കൊണ്ട് ഒമിക്രോൺ കണ്ടെത്താനുള്ള ടെസ്റ്റിങ്ങ് കിറ്റ് അസം ഐസിഎംആർ യൂണിറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ പരിശോധന വേഗത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കിറ്റിന്‍റെ ലൈസൻസിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പരിശോധനാ ഫലത്തിനായി മണിക്കൂറുകൾ  വിമാനത്താവളങ്ങളിൽ കാത്തു നിൽക്കുന്നത് ഒഴിവാക്കാനാകും.

Follow Us:
Download App:
  • android
  • ios