Asianet News MalayalamAsianet News Malayalam

Omicron India : ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രതയോടെ രാജ്യം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ഒമിക്രോൺ സ്ഥിതി വിലയിരുത്താൻ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

Omicron situation in india More states impose restrictions
Author
Delhi, First Published Dec 22, 2021, 7:57 PM IST

ദില്ലി: ഒമിക്രോൺ (Omicron)  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് (Covid 19) നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ദില്ലിയിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുൾപ്പടെ എല്ലാ സാംസ്കാരിക പരിപാടികൾക്കും വിലക്കേർപ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയിൽ ജനുവരി ഒന്നു മുതൽ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. 

ഒമിക്രോൺ സ്ഥിതി വിലയിരുത്താൻ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദില്ലിയിലെ ഒമിക്രോൺ കണക്ക് തെറ്റാണെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. ഇതിനിടെ ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. 125 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. 

കേരളത്തിൽ ഒമ്പത് പുതിയ കേസുകൾ

സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഘാന, നൈജീരിയ, യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോൺ സ്ഥീരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോൺ കേസുകൾ 24 ആയി. സംസ്ഥാനത്ത്  ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയർന്ന ഒമിക്രോൺ കണക്കാണ് ഇന്നത്തേത്.    

എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.   എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളിൽ രണ്ട് പേർ യുകെയിൽ നിന്നുള്ളവരാണ്. രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും രണ്ടുപേര്‍  ഘാനയില്‍ നിന്നും വന്നവരാണ്. 18,19 തിയതികളിലായി എത്തിയ ആറുപേരും എയർപോർട്ട് പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതിനാൽ മറ്റു സമ്പർക്കങ്ങളില്ല.    

നൈജീരിയയില്‍ നിന്നും വന്ന ദമ്പതികൾ, പതിനെട്ടാം തിയതി യുകെയിൽ നിന്നെത്തിയ 51കാരി എന്നിവരാണ് തിരുവനന്തപുരത്തെ മൂന്ന് കേസുകൾ. ഇതിൽ നൈജീരിയയിൽ നിന്നെത്തിയ ദമ്പതികളുടെ സമ്പർക്കപട്ടികയിൽ രണ്ട് മക്കളുണ്ട്. കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമ്പോഴും അധികവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരോ അടുത്ത സമ്പർക്കത്തിലുള്ളവരോ ആണെന്നത് സംസ്ഥാനത്ത് വ്യാപനമുണ്ടായിട്ടില്ലെന്ന നേരിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ എറണാകുളത്ത് സ്വയം നിരീക്ഷണം ലംഘിച്ചയാളിലൂടെ വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കയക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios