Asianet News MalayalamAsianet News Malayalam

ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന


കഴിഞ്ഞ ഓണത്തെക്കാൾ റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ബോർഡ് കാണുന്നുവെന്ന് പി.ജയരാജന്‍ പറഞ്ഞു

 Onam: 21.88 crore sales to Khadi Board
Author
First Published Sep 22, 2023, 10:53 PM IST

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. കഴിഞ്ഞവർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ ഓണത്തെക്കാൾ റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ബോർഡ് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചും, പതിവിന് വിപരീതമായി പുതു തലമുറ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വർദ്ധിപ്പിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും ഫലമാണ് ഈ വർദ്ധനവ്. സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ വച്ച് ഒക്ടോബർ 20 ന് നറുക്കെടുക്കും.

സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. 'കുടുംബത്തിനാകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന സന്ദേശമാണ് ഈ ഓണത്തിന് ഖാദി ബോർഡ് മുന്നോട്ടുവെച്ചത്. അത് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിൽപ്പനയിൽ കാണുന്നത്. ഓണക്കാലത്ത് നടത്തിയ നിരവധി ഖാദി മേളകളോടൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചു പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരുന്നു. 154 ആം ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. നാളെ (23) മുതൽ ഒക്ടോബർ 3 വരെയാണ് ആഘോഷം. തിരുവനന്തപുരത്ത്  ഈ മാസം 25 മുതൽ ഒക്ടോബർ മൂന്നു വരെ അയ്യങ്കാളി ഹാളിൽ ഖാദി മേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരിക സായാഹ്നം എന്ന പേരിൽ വിവിധ കലാപരിപാടികളും നടത്തും.

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റു നൽകും. സർക്കാർ അർധ സർക്കാർ, ബാങ്ക് പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്. കൂടാതെ ജില്ലകൾ തോറും ഗാന്ധിജയന്തി ക്വിസ് മത്സരം, സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ജീവിതചര്യയാക്കിയവരെയും ആദരിക്കൽ, ഘോഷയാത്രകൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഴ്ചയിൽ ഒരു ദിവസം 'തൂവെള്ളഖാദിവസ്ത്രം' ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നോളജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വർഷം 150 കോടി വിൽപ്പന എന്ന ലക്ഷ്യമാണ്  ബോർഡിനുള്ളത്. ഖാദിബോർഡ് നിന്നും വായ്പ എടുത്തു കുടിശികയായവർക്ക് കുടിശ്ശികനിവാരണത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുകയാണ്. പാറ്റേൺ, കൺസോർഷ്യം ബാങ്ക് ക്രെഡിറ്റ്(CBC) സ്‌കീം എന്നിവയിൽ വായ്പയെടുത്തു കുടിശ്ശികയായവർക്ക് പിഴപ്പലിശ, പലിശ എന്നിവ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി സ്വീകരിക്കും. അദാലത്ത് ഒക്ടോബർ 9 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ അദാലത്തുകൾക്ക് ശേഷം ഒക്ടോബർ 20 ന് കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ച് സമാപന ചടങ്ങ് നടത്തുമെന്നും പി. ജയരാജൻ ചൈത്രം ഹോട്ടലിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios