തിരുവനന്തപുരം: കഴിഞ്ഞ ഏഴ് ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം. നഗരത്തില്‍ വച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് ആഘോഷങ്ങൾ അവസാനിക്കുക. വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഘാന്‍ ഘോഷയാത്ര ഫ്ലാ​ഗ് ഓപ് ചെയ്യും.

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്‍റെ ഐക്യത്തിന്‍റേയും കൂട്ടായമയുടേയും സന്ദേശമാണ് വര്‍ണണശബളമായ സമാപന ഘോഷയാത്രയിൽ ഒരുക്കുക. നൂറോളം കലാരൂപങ്ങളും പത്ത് സംസ്ഥാനങ്ങളിലെ കലാകാരന്‍മാരും ഘോഷയാത്രയിൽ അണി നിരക്കും. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കും.

ഓണം വാരാഘോഷത്തിലെ അവസാന ദിവസമായ ഞായറാഴ്ച വൈകിട്ട് വിവിധ വേദികളിലെ കലാവിരുന്ന് ആസ്വദിക്കാന്‍ വലിയ ആൾക്കൂട്ടമാണ് കനകക്കുന്ന് കൊട്ടാരം, നിശാ​ഗന്ധി ഓഡിറ്റോറിയം, മ്യൂസിയം എന്നിവിടങ്ങളിൽ എത്തിയത്. നിശഗന്ധിയിലെ മുഖ്യവേദിയിൽ നടി നവ്യ നായര്‍ നൃത്തം അവതിരിപ്പിച്ചു.

തലസ്ഥാനത്തിന്‍റെ സ്വന്തം കടല്‍ ബാന്‍ഡ് ശംഖുമഖത്ത് ഒരുക്കിയ സംഗീത നൃത്ത പരിപാടി വ്യത്യസ്തമായി. തീരദേശത്തിന്‍റെ തനതായ ഗാനങ്ങള്‍ കോര്‍തിതണക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപത മീജിയ കമ്മീഷനാണ് ഈ കലാരൂപം അവതരിപ്പിച്ചത്.