16 വർഷമായി കേരളത്തിൽ മുറുക്കാൻ കട നടത്തുന്ന ബിദ്യുത് ഷെയ്ഖിന് രണ്ടാഴ്ച മുൻപാണ് ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ ജിഎസ്ടിയിൽ നിന്നും നോട്ടീസ് കിട്ടിയത്. , തന്‍റെ നഷ്ടപ്പെട്ട പാൻ കാർഡ് ആരോ തട്ടിപ്പിനായി ഉപയോഗിച്ചതാണെന്ന് യുവാവ് സംശയിക്കുന്നു.

കൊച്ചി: നെടുമ്പാശ്ശേരിയിലെ ഇതര സംസ്ഥാനക്കാരനായ മുറുക്കാൻ കട ഉടമയ്ക്ക് ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ ജിഎസ്ടിയിൽ നിന്നും നോട്ടീസ്. അഞ്ച് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്‍റെ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് നടത്തിയ പ്ലൈവുഡ് ഇടപാടുകൾക്ക് ജിഎസ്ടി അടച്ചില്ലെന്ന കാരണം കാണിച്ചാണ് പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന് നോട്ടീസ് കിട്ടിയത്. ഈ ഇടപാടുകളായി ഒരു ബന്ധവുമില്ലാത്ത യുവാവ്, തന്‍റെ നഷ്ടപ്പെട്ട പാൻ കാർഡ് ആരോ തട്ടിപ്പിനായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും ജിഎസ്ടി ഓഫീസിലും പരാതിയുമായി കയറി ഇറങ്ങുകയാണ് ബിദ്യുത് ഷെയ്ഖ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

16 വർഷമായി കേരളത്തിൽ മുറുക്കാൻ കട നടത്തുന്ന ബിദ്യുത് ഷെയ്ഖിന് രണ്ടാഴ്ച മുൻപാണ് നോട്ടീസ് കിട്ടിയത്. കൊൽക്കത്തയിലെ വീട്ടിൽ ലഭിച്ച നോട്ടീസ് ഭാര്യ വാട്സ് ആപ്പിൽ അയച്ചു നൽകുകയായിരുന്നു. ആന്ധ്ര, തമിഴ്നാട്, ഛത്തിസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയ പ്ലൈവുഡിന് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. തനിക്ക് ഈ ഇടപാടുകളുമായി ഒരു ബന്ധവുമില്ലെന്ന് യുവാവ് പറയുന്നു. പാൻ കാർഡ് നഷ്ടമായപ്പോൾ പുതിയത് കിട്ടാൻ കോപ്പി ഒരു ഏജൻസിയിൽ ഏൽപ്പിച്ചിരുന്നുവെന്നും അവിടെ നിന്നാണ് നഷ്ടമായതെന്ന് സംശയിക്കുന്നുവെന്നും ബിദ്യുത് ഷെയ്ഖ് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുത്തപ്പോൾ അതിൽ ഇത്തരത്തിലുള്ള ഇടപാടുകളൊന്നും നടന്നിട്ടില്ല എന്ന് വ്യക്തമായി. 2019ലും സമാനമായ രീതിയിൽ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് ബിദ്യുത് ഷെയ്ഖ് പറഞ്ഞു. അന്ന് കൂടുതൽ നടപടിയൊന്നും ഉണ്ടായില്ല. വീണ്ടും ഇപ്പോൾ നോട്ടീസ് വന്നിരിക്കുകയാണ്.

നെടുമ്പാശ്ശേരിയിലെ ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിയമ സഹായം നൽകാൻ ബിദ്യുത് ഷെയ്ഖിനൊപ്പമുണ്ട്. അതത് സംസ്ഥാനങ്ങളിൽ പോയി പരാതി നൽകണമെന്നാണ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന നിർദേശം. പല ഓഫീസുകൾ കയറിയിറങ്ങിയിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ല. വലിയ ഊരാക്കുടുക്കിലാണ് ഈ യുവാവ് ചെന്നുപെട്ടിരിക്കുന്നത്. കട അടച്ചിട്ട് ഓഫീസുകൾ കയറിയിറങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും നിപരാധിയായ തന്നെ ഈ പ്രശ്നത്തിൽ നിന്നും കരകയറ്റണം എന്നുമാണ് അധികൃതരോടുള്ള യുവാവിന്‍റെ അപേക്ഷ.

YouTube video player