Asianet News MalayalamAsianet News Malayalam

ഹജ്ജ് യാത്ര വാഗ്ദാനം ചെയ്ത് പണം തട്ടി: 10 വര്‍ഷത്തിനിടെ അനീസ് നേടിയത് കോടികള്‍

10 വര്‍ഷത്തിനിടെ വിവിധ പേരുകളില്‍ വിവിധ സിം കാര്‍ഡുകള്‍ ഉപയോഗിച്ച്, ഹജ്ജ്, അമേരിക്ക. യുഎഇ എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

one arrest in Hajj visa offer fraud case
Author
First Published Jan 21, 2023, 9:01 AM IST


മലപ്പുറം: ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍. പോരൂർ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നൻ കുളത്തിങ്ങൽ അനീസ് (35) ആണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ അറസ്റ്റോടെ പുറത്ത് വരുന്നത് വര്‍ഷങ്ങളായി നടത്തിയ കോടികളുടെ വിസ, ജോലി വാഗ്ദാന തട്ടിപ്പുകളാണ്.  

ബെംഗളൂരുവില്‍  രാഹുൽ എന്ന വ്യാജപ്പേരില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അനീസിനെ  സാഹസികമായാണ് പോലീസ് പിടികൂടിയത്. വ്യാജപ്പേരില്‍ ഒളിവില്‍ കഴിയുമ്പോഴും  ഇയാൾ അവിടെ നിന്നും വിവാഹവും കഴിച്ചിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ടെ ഒരു ട്രാവൽസിൽ വർഷങ്ങളായി അമീറായി പോകുന്ന ഒരു മത പണ്ഡിതന്‍റെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞ് 50 പേരിൽ നിന്നായി രണ്ടര കോടിയോളം രൂപയാണ് അനീസ് തട്ടിയെടുത്തത്. കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. 

അനീസ് നടത്തിയ കോടികളുടെ തട്ടിപ്പിന്‍റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും വെളിവായിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമാണ് തട്ടിപ്പിന്‍റെ ആഴം മനസിലാകൂ. ലക്ഷദ്വീപിൽ നിന്നുള്ളവർ ഉൾപ്പടെ ഇയാളുടെ ചതിയിൽ വീണിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 4.85 ലക്ഷം രൂപയാണ് ഇയാൾ ഹജ്ജ് യാത്രക്കായി ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. പാസ് പോർട്ടിന്‍റെ കോപ്പി അയച്ച് കൊടുക്കാനും പണം കനറാ ബാങ്കിൽ നിക്ഷേപിക്കാനുമാണ് ഇയാൾ ഹാജിമാരെ അറിയിച്ചിരുന്നത്. 

പണം നഷ്ടപ്പെട്ട കൊണ്ടോട്ടി സ്വദേശിയും തിരൂർ സ്വദേശിനിയുമായ രണ്ടുപേരുടെ പരാതിയിലാണ് പോലീസ് കേസടുത്തതും അന്വേഷണം നടത്തിയതും. 2019 -ൽ മലപ്പുറും, കാസർകോട് ജില്ലകളില്‍ നിന്നായും ഇയാൾ നിരവധി പേരെ ഹജ്ജിന് പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമേരിക്ക, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ നേഴ്‌സ് ജോലി വാഗ്ദാനം ചെയ്തും നിരവധി പേരിൽ നിന്നും ഇയാൾ പണം തട്ടിയിട്ടുണ്ട്. 

നേരേത്തേ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇവിടുത്തെ അനുഭവ പരിചയം വെച്ചാണ് ആളുകളെ വലയിലാക്കിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ സിം കാർഡുകൾ സ്വന്തമാക്കിയ അനീസ് പല പേരുകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവിൽ കഴിയുകയായിരുന്നു. വിസ തട്ടിപ്പിന് മാത്രം ഇയാളുടെ പേരിൽ മലപ്പുറം, കാസർകോട്, എറണാംകുളം ജില്ലകളിലെ നിലമ്പൂർ, പൊന്നാനി, തിരൂർ, കാടാമ്പുഴ, വണ്ടൂർ, ബേഡകം, പോലീസ് സ്റ്റേഷന് കീഴില്‍ 15 ഓളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ 10 വർഷമായി ഇയാൾ ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിൽ കഴിയുമ്പോഴും ഇയാൾ വ്യാജ പേരുകളില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് ഗാഡ്ഗിൽ: മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലണം
 

Follow Us:
Download App:
  • android
  • ios