ഒരു മാസത്തെ പരിശീലനത്തിനായി അടുത്ത ഞായറാഴ്ച മലപ്പുറത്തെ സായുധ പൊലീസ് ക്യാന്പിലെത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയാണിവര്‍.

കൊച്ചി: ലോക്ഡൗണ്‍ നിലനില്‍ക്കെ ,സുരക്ഷാ മുന്‍കരുതലകളെല്ലാം അവഗണിച്ച് പൊലീസ് കമന്‍ഡോകള്‍ക്ക് പരിശീലനം. ദ്രുത കര്‍മ സേനയിലെ അറുപത് പൊലീസുകാരോട് ഒരു മാസത്തെ പരിശീലനത്തിനായി അടുത്ത ഞായറാഴ്ച മലപ്പുറത്തെ സായുധ പൊലീസ് ക്യാന്പിലെത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയാണിവര്‍.

മെയ് മൂന്ന് വരെയാണ് രാജ്യത്ത് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണ് നീട്ടണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞു. കേരളത്തിൽ ജാഗ്രത കൈവിടരുതെന്ന് സർക്കാരും മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടയിലാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പൊലീസുകാരോട് ഒരു മാസത്തെ പരിശീലനത്തിനെത്താന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ദ്രുതകര്‍മസേനയിലെ 60 അംഗങ്ങള്‍ക്കാണ് നിർദ്ദേശം. അർബൻ കമാൻഡോ പരിശീലനം നല്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി എല്ലാവരും വരുന്ന ഞായറാഴ്ച ബറ്റാലിലന്ആസ്ഥാനമായ മലപ്പുറത്തെ ക്ലാരിയിലെത്തണം. അന്ന് തന്നെ ടീം പരിശീലനം നടക്കുന്ന പാലക്കാട്ടെ സായുധ ബറ്റാലിയനിലേക്ക് പോകും. 

നിലവില്‍ സേനാ അംഗങ്ങൾ സംസ്ഥാനത്തെ പല ജില്ലകളിലായി കഴിയുകയാണ്. റേഞ്ച് ഡിഐജിമാരുടെ കീഴിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജില്ലകള്‍ കടന്നുള്ള യാത്രക്ക് ഇപ്പോള്‍ നിരോധനമുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരിശീലനം നടത്തേണ്ട എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ഇവർ ചോദിക്കുന്നു. ഈ മാസം 21 ന് ഇറക്കിയ ഉത്തരവില്‍ ലോക്ഡൗണിനെക്കുറിച്ചോ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെക്കുറിച്ചോ ഒന്നും പറയുന്നില്ല. മാത്രമല്ല, പൊതുഗതാഗതസംവിധാനം നിലനില്‍ക്കെ ഇവര്‍ എങ്ങനെ മലപ്പുറത്ത് എത്തിച്ചേരും എന്നതിനെക്കുറിച്ചും ഉത്തരവ് മൗനം പാലിക്കുന്നു.