കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ റിമാൻഡ് ചെയ്ത് ഹൈക്കോടതി. സെന്‍ട്രല്‍ പൊലീസ് 2025 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് റിമാന്‍ഡ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ റിമാൻഡ് ചെയ്ത് ഹൈക്കോടതി. സെന്‍ട്രല്‍ പൊലീസ് 2025 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് റിമാന്‍ഡ്. തമിഴ്നാട് ചാവടി പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പിന്നീട് കോടതി പരിഗണിക്കും. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഹണിട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ മരട് അനീഷിനെയും ഒപ്പംകണ്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.
എഫ് കമ്പനിയെക്കുറിച്ച് മരട് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്
കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ ഗാങ്ങുകളുടെ പ്രധാന ബിസിനസ് ഇപ്പോൾ ലഹരി കച്ചവടമാണെന്ന് ഇക്കഴിഞ്ഞ നവംബറിൽ അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ ഡി കമ്പനി പോലെ എഫ് കമ്പനി എന്ന പേരിട്ടാണ് പല സംഘങ്ങൾ ഒരൊറ്റ ഗാങ്ങായി മാറിയത്. ലഹരി കച്ചവടത്തെ എതിർത്തെന്ന പേരിൽ പൊലീസ് ഒത്താശയോടെ കേരളത്തിന് വെളിയിൽവെച്ച് തന്നെ എൻകൗണ്ടറിലൂടെ കൊല്ലാൻ നീക്കം നടന്നെന്നും മരട് അനീഷ് പറഞ്ഞിരുന്നു. ലഹരിക്കച്ചവടമാണ് പ്രധാന വരുമാന മാർഗമെന്നും എഫ് കമ്പനി എന്ന് പേരിട്ടാണ് ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നത്. പൊലീസും ഗുണ്ടകളും ഭായി ഭായി ബന്ധമാണ് എന്നും മരട് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ എൻകൗണ്ടറിലൂടെ തന്നെ കൊല്ലാൻ നീക്കമുണ്ടെന്നും മരട് അനീഷ് അന്ന് പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലും നീക്കം നടന്നു. ലഹരിക്കച്ചവടത്തിന് പിന്തുണ നൽകാത്തതിലുളള വൈരാഗ്യമാണ് കാരണം. കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് എൻകൗണ്ടറിന് ചരട് വലിച്ചത്. വിയ്യൂർ ജയിലിൽവെച്ച് തന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിന് പിന്നിലും കൊച്ചിയിലെ ചില പൊലീസുദ്യോഗസ്ഥരാണ് എന്നും അനീഷ് വിവരിച്ചിരുന്നു. കൊച്ചിയുടെ അധോലോകത്തെ ഏറെക്കാലം നിയന്ത്രിച്ച മരട് അനീഷാണ് ആരും കാണാത്ത നഗരത്തിന്‍റെ ഇപ്പോഴത്തെ പിന്നാമ്പുറത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഗുണ്ടായിസവും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമല്ല ക്രിമിനൽ ഗ്യാങ്ങുകളുടെ പ്രധാന വരുമാന മാർഗം. തായ് വാനിൽ നിന്നടക്കം വൻതോതിൽ ലഹരിമരുന്ന് നഗരത്തിലേക്ക് ഒഴുകുകയാണ്. അവയെ നിയന്തിക്കുന്നത് കൊച്ചിയിലെ ഗൂണ്ടാ അധോലോക സംഘമാണെന്നും മരട് അനീഷ് വ്യക്തമാക്കിയിരുന്നു.


