ആലപ്പുഴ: പറവൂർ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലിൽ താഴ്ത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പറവൂർ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  
   
പത്രോസും സൈമണും നൽകിയ മൊഴിക്ക് സമാനമാണ് ഓമനക്കുട്ടന്റെയും മൊഴി. മുൻവൈരാഗ്യത്തെ തുടർന്ന്  ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നൽകിയിരുന്നത്.  കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരണ്. മനുവിന്റെ  മൃതദേഹം കണ്ടെത്താനായി പറവൂർ ഭാഗത്ത് കടലിൽ കോസ്റ്റ് ഗാർഡ് ഇന്നും തെരച്ചിൽ നടത്തും. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. സംഘത്തിലുണ്ടായിരുന്ന ആന്റണിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.