ചാവക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ജംഇയ്യത്തുൽ ഇസ്ലാമിയ്യ പ്രവർത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ് പിടിയിലായത്. കേസിൽ അറസ്റ്റിൽ ആകുന്ന അഞ്ചാമത്തെ ആളാണ് സലീം.

ഡിവൈഎസ്‍പി പി കെ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. വിദേശത്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പുലാമന്തോൾ പാലൂർ മോഹനചന്ദ്രൻ വധക്കേസിലും സലീം പ്രതിയാണ്.

1994 ഡിസംബർ നാലിന് പുലർച്ചെ രണ്ട് മണിയോടെയാണ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സിപിഎം പ്രവർത്തകരായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാല് പേരെ, 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുതുവട്ടൂർ സ്വദേശികളായ വി ജി ബിജി, രായംമരയ്ക്കാർ വീട്ടിൽ റഫീഖ്, തൈക്കാട് ബാബുരാജ്, ഹരിദാസൻ എന്നിവർ ജയിലിലായി. എന്നാൽ 2012-ൽ ഈ ശിക്ഷ റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിന് ശേഷമാണ് പ്രതികളെ കണ്ടെത്തുന്നത്. അറസ്റ്റിലായ പ്രതികളെല്ലാം തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരാണ്. രണ്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.