തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ സ്വദേശി ഫൈസൽ ആണ് അറസ്റ്റിൽ ആയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ‌അഞ്ചായി. കേസില്‍ ആകെ 20 പ്രതികളാണുളളത്. 

നേരത്തെ കേസിലെ മുഖ്യപ്രതിയായ വടക്കേക്കാട് സ്വദേശി ഫെബീർ മറ്റ് പ്രതികളായ  മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസ് എൻഐഐയെ ഏല്‍പ്പിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്‍ഡിപിഐ നേതാക്കളുമായി അന്വേഷണ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. 

എസ്‍ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും നിലവില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏൽപിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.