തിരുവനന്തപുരം: കളയിക്കാവിള കൊലപാതക കേസിൽ ഗുഡാലോചനയിൽ പങ്കുള്ള സെയ്ദ് അലി പിടിയിൽ. തിരുവനന്തപുരം പാളയത്ത് നിന്ന്, ക്യൂ ബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. കേരളത്തിൽ പ്രതികൾക്കാവശ്യമായ സഹായങ്ങൾ ഒരുക്കി നൽകിയത് സെയ്ദ് അലിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കളിയിക്കാവിള കൊലപാതകത്തിന് തൊട്ടുപിന്നാലെ ഒളിവിൽ പോയ സെയ്ദ് അലി തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ക്യൂബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മുഖ്യപ്രതികളായ തൗഫീഖുമായും മുഹമ്മദ് ഷെമീമുമായും അടുത്ത ബന്ധമുള്ള  സെയ്ദ് അലിക്ക് ഗൂഡാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 

തൗഫീഖിനും ഷെമീമിനും പുറമേ, സെയ്ദ് അലിക്ക് വേണ്ടിയായിരുന്നു പൊലീസ് വ്യാപക തെരച്ചിൽ നടത്തിയത്. വിതുര, നെയ്യാറ്റിൻകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ നെയ്യാറ്റിൻകയിലെത്തിയ തൗഫീഖിനും മുഹമ്മദ് ഷെമീമിനും എല്ലാ സഹായങ്ങളും ഒരുക്കിയത് സെയ്ദ് അലിയാണ്. ഇയാൾ ഏർപ്പാടാക്കി നൽകിയ വാടക വീട്ടിൽ വച്ചാണ് ആസൂത്രണം നടന്നതെന്നും പൊലീസ് സംശയിക്കുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനാൽ സെയ്ദ് അലിയെയും എൻഐഎ സംഘത്തിന് ഉടൻ കൈമാറും. മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് ഗൂഡാലോചനയുടെ വിശദാംശങ്ങൾ അറിയാനാകും ശ്രമം.