വയനാട്: വയനാട് പുത്തുമലയിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇനി അഞ്ച് പേരെയാണ് പുത്തുമലയിൽ നിന്നും കണ്ടത്തേണ്ടത്.

കാണാതായവരെ കണ്ടെത്താനായി കൊണ്ടുവന്ന ഭൂഗർഭ റഡാറും പരാജയപ്പെട്ടുവെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ മനുഷ്യശരീരം കൃത്യമായി വേർതിരിച്ചറിയാൻ കഴിയാത്തതായിരുന്നു ഇതിന് കാരണം. എങ്കിലും വൈകിട്ട് വരെ ശ്രമിച്ച്‌ നോക്കാമെന്ന് ശാസ്ത്രഞ്ജർ അറിയിക്കുകയായിരുന്നു.

അതേസമയം, ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കൾ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.