സിപിഎം നേതാവ് സി പി പ്രമോദ്  പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

പാലക്കാട്: സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്ത്. സിപിഎം നേതാവ് സി പി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നു, സ്വപ്നയുടെ മൊഴികൾ ചിലർ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് പരാതി നൽകിയത്. കെ ടി ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നൽകിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മതനിന്ദ കേസ്; സ്വപ്നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: മതനിന്ദ കേസില്‍ സ്വപ്നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചി സെൻട്രൽ പൊലീസെടുത്ത കേസിലാണ് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മതപരമായ നിന്ദ നടത്തിയിട്ടില്ല. സമൂഹമാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തത്. മതപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൃഷ്ണ രാജ് പറയുന്നു. കേസ് ദുരുദ്ദേശപരമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. അറസ്റ്റിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട സംഭവത്തിലാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.