കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ക്യാൻസർ ബാധിതൻ മരിച്ചു. കോഴിക്കോട് കുറ്റിയാട് സ്വദേശി തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ക്യാൻസർ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. പാലക്കാട്ടും കാസർകോട്ടും രണ്ട് സ്ത്രീകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. ആലുവ നാലാംമൈലിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാലാംമൈൽ സ്വദേശി ചെല്ലപ്പ(73)നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. എന്നാൽ ഇവരുടെ കൊവിഡ് പരിശോധനാഫലം വന്നിട്ടില്ല. 

Also Read: പുതിയ രോഗികളും രോഗമുക്തിയും ഏറ്റവും ഉയര്‍ന്ന ദിവസം; 1103 പേർക്ക് കൂടി കൊവിഡ്, 1049 പേർക്ക് രോഗമുക്തി