കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി പുരുഷോത്തമൻ (84) ആണ് മരിച്ചത്. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറൽ ആശുപതിയിൽ നിന്നാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.

സംസ്ഥാനത്ത് കൊവിഡ് കൂടുതൽ പേരിലേക്ക് പടരുകയാണ്. ഇന്ന് 1298 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 800 പേര്‍ രോഗമുക്തി നേടി. നിലവിൽ 11,983 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 18,337 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ  മരണം 97 ആയി.