ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരി (80) ആണ് മരിച്ചത്. ഇന്നു പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്.

ശ്വാസതടസ്സത്തെ തുടർന്നാണ് പുഷ്കരിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുത്തിയതോട് നിന്ന് ആദ്യം തുറവൂർ സർക്കാർ ആശുപത്രിയിലേക്കും ഇവരെ കൊണ്ടുപോയിരുന്നു. ഇവരുടെ മത്സ്യത്തൊഴിലാളിയായ  മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76)യുടേതാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു മരണം. വെള്ളിയാഴ്ച മരിച്ച ഇവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ഇന്ന് റിപ്പോർട്ട് വന്നു. ശാരദയുടെ മകനും മരുമകളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംസ്ഥാനത്ത് ഇന്ന് മാത്രം ഇതുവരെ ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവർ. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മരണസംഖ്യ 59 ആണെങ്കിലും ഇന്നത്തെ 7 മരണം കൂടിയായതോടെ 66 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.