കൊച്ചി:  കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരിച്ചു. ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 45 ആയി. 

എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഹാരിസ്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസ്.  

ഇന്ന് ഒരു തൊടുപുഴ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. തൊടുപുഴ അച്ചൻകവല ചെമ്മനംകുന്നേൽ ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല.