കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (74) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൃഷ്ണന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. അതേസമയം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി പ്ലാസ്മ തെറാപ്പി നൽകിയവരുടെ മരണം ആരോഗ്യവകുപ്പിന്‍റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ നിന്ന് പുറത്ത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച മരണമടക്കം ജുലൈയിലെ അഞ്ച് മരണങ്ങൾ കൂടി ഡെത്ത് ഓഡിറ്റ് കമ്മിറ്റി കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക പട്ടികയിൽ നിന്നൊഴിവാക്കി. ജൂലൈയിൽ കൂട്ടത്തോടെ ഒഴിവാക്കിയ 18 മരണങ്ങൾക്ക് പുറമെയാണ് ഇത്.

രോഗവ്യാപനം ശക്തമായ ജൂലൈമാസത്തിലാണ് സർക്കാർ മരണങ്ങളെ കൂട്ടത്തോടെ പട്ടികയിൽ നിന്നൊഴിവാക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനാ നിർദേശ പ്രകാരമെന്നായിരുന്നു വിശദീകരണം. സർക്കാർ വെബ്സൈറ്റ് പ്രകാരം പതിനെട്ട് മരണങ്ങൾ ജൂലൈയിൽ മാത്രം ഒഴിവാക്കി. ഇത് പരിശോധിക്കുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴാകട്ടെ ഇതിനെല്ലാം പുറമെ ജൂലൈയിലെ അഞ്ച് മരണങ്ങൾ കൂടി പട്ടികയ്ക്ക് പുറത്തായി.

മുഖ്യമന്ത്രി പ്രഖ്യാപിച്ച മരണം വരെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഒഴിവാക്കിയിരിക്കുന്നു. വത്സമ്മയ്ക്ക് പുറമെ, ജൂല 12ന് നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂരിലെ ആയിഷ ഹജ്ജുമ്മ, ഇവർ അർബുദ രോഗിയായിരുന്നു. ആലപ്പുഴ ചുനക്കര സ്വദേശി നസീർ ഉസ്മാൻ, ജൂലൈ 23ന് മരിച്ച കാസർകോട് സ്വദേശി മാധവൻ, ജൂലൈ 26ന് മലപ്പുറത്ത് മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുൽഖാദർ എന്നിവരുടേതാണ് ഒഴിവാക്കിയത്. കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പിയടക്കം നൽകിയതുമാണ്. സുതാര്യതയുറപ്പാക്കാൻ നിയോഗിച്ച ഡെത്ത് ഓഡിറ്റ് കമ്മിറ്റിയും മരണങ്ങളെ പട്ടികയ്ക്ക് പുറത്താക്കുന്നതിൽ വിമർശനം ശക്തമാണ്.