കാസര്‍കോട്: കാസര്‍കോട് ഒരാള്‍ കൂടി കൊവിഡ്  ബാധിച്ച് മരിച്ചു. പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി ലീല (65) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഈ മാസം ഒന്‍പതിന് പനിയും ശ്വാസം തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ലീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. 

തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും രണ്ട് വീതം മരണങ്ങളും മലപ്പുറത്ത് ഒരു കൊവിഡ് മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.  തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്. എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് പ്രതാപന്‍ മരിച്ചത്. ഹൃദയ, ശ്വാസകോശ  രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.