കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന്  ചികിത്സയിലായിരിക്കെ മരിച്ച ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൽസമ്മയുടെ രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ വൽസമ്മ ജോയ് ഹൃദയസ്തംഭനം മൂലം മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 59 വയസ്സുള്ള വൽസമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ചയാണ് വൽസമ്മയെ നെഞ്ചുവേദനയെ തുടർന്ന് ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. എവിടെ നിന്നാണ് വൽസമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവർ ദൂരയാത്രകൾ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 
നെഞ്ചുവേദനയെ തുടർന്ന് വൽസമ്മയെ ആദ്യം രാജാക്കാടുള്ള സ്വകാര്യ ആസുപഥ്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ വൽസമ്മയുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും. രാജാക്കാടുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു വൽസമ്മ. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഏലത്തോട്ടത്തിലെ മറ്റ് തൊഴിലാളികളെയും നിരീക്ഷണത്തിലാക്കും. വൽസമ്മയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.