കോട്ടയം: കോട്ടയത്ത് ഇന്നലെ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാണക്കാരി തെക്കേപറമ്പില്‍ റോസമ്മ പൈലിക്കാണ് (94) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കിടപ്പിലായിരുന്ന ഇവരുടെ രണ്ട് മക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം പത്തായി. 

കോട്ടയം ജില്ലയില്‍ ഇന്ന് 70 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേരും കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും രോഗ ബാധിതരായി.