കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പനിയെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേരാണ് കൊവിഡ് രോഗബാധിതരായി മരിച്ചത്. 

കോഴിക്കോടും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്ന് ജില്ലയില്‍ 50 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 35 പേര്‍ക്കും ഉറവിടം വ്യക്തമല്ലാതെ മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേരുമുണ്ട്.

അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തി അഡ്മിറ്റാവേണ്ടി വരുന്ന എല്ലാ രോഗികൾക്കും ഇനി മുതൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. രോഗികൾ മറ്റ് അസുഖങ്ങളുമായി എത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൊവിഡ് ഉണ്ടെന്നറിയാതെ രോഗികളുമായി ഇടപെട്ടത് പല ആരോഗ്യ പ്രവർത്തകർക്കും രോഗം വരാൻ കാരണമായി. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് രോഗം വരുന്നതും നിരീക്ഷണത്തിൽ പോവേണ്ടി വരുന്നതും ആശുപത്രി പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം.-

അതേ സമയം സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.