കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ലോക്ക്ഡൗണിലും തലസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുനി‍ര്‍ത്താൻ സാധിച്ചിട്ടില്ല. സമ്പർക്ക വ്യാപനമാണ് ജില്ലയിൽ വലിയ പ്രതിസന്ധിയാകുന്നത്. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാൻ സാധിച്ചിട്ടില്ല.

അതേ സമയം ഇന്നുമുതൽ കൊവിഡ് പ്രതിരോധത്തിൽ പ്രധാനചുമതലകള്‍ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ പൊലീസ് വഹിക്കും. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല.