കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം താനൂർ സ്വദേശി അലി അക്ബര്‍ ആണ് മരിച്ചത്. രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടേയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ഉയരകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലായിരുന്നു.

അതിനിടെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.

അതേ സമയം സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ച മന്ത്രി തോമസ് ഐസക്കിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളതിനാൽ ഒരാഴ്ചയായി കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗബാധ സ്ഥിരീകരിച്ചു. രണ്ടുപേരെയും പരിയാരത്തെ കണ്ണൂ‍ർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.