കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളുടെ മരണവും കൊവിഡ് ബാധിച്ചായിരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ഫറൂഖ് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനൻ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും കൊവിഡ് സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയുടെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ അറിയിച്ചു. മകൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയിൽ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വടകര സ്വദേശി മോഹനന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. 

തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീർ(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ബീവിയുടെ ഭർത്താവാണ് ഇദ്ദേഹം. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.