മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസൻ (67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 25 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2002 മുതൽ ഹൃദ്‌രോഗിയായിരുന്നു ഇദ്ദേഹം ഹൃദ്‌രോഗത്തെ തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു.

ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർക്ക് വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. അതിനിടെ ഇന്നലെയും ഇന്നും ഹൃദയാഘാതമുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.