മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ  പ്രവർത്തനവും  തകരാറിലായിരുന്നു. 

ഇന്ന് രാത്രിയോടെയാണ് മരണം. ഇതോടെ മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന അഞ്ചുപേരാണ് ഇന്ന് മരിച്ചത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച നാലുപേര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നത്തെ 1083 പുതിയ രോഗികളിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അതീവ ഗുരുതര സ്ഥിതിയിലുള്ള തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകരെ അടക്കം കൂട്ടിയാൽ നൂറു ശതമാനമാണ് സമ്പർക്കരോഗികൾ.